Society Today
Breaking News

കൊച്ചി :കേരളത്തിന്റെ വളര്‍ച്ചക്ക് വൈവിധ്യവല്‍ക്കരണവും പുതിയ സാധ്യതകളും മുന്‍നിര്‍ത്തി പുത്തന്‍ വിപണന തന്ത്രങ്ങള്‍ വേണമെന്ന ' കൊച്ചി പ്രഖ്യാപന ' ത്തോടെ രണ്ട് ദിവസമായി നടന്ന കേരള വികസന സമ്മേളനം സമാപിച്ചു. ഫിക്കിയാണ് കെ എസ് ഐ ഡി സി യുടെ സഹകരണത്തോടെ ദ്വിദിന സമ്മേളനം സംഘടിപ്പിച്ചത്. രണ്ട് ദിനങ്ങളിലായി നടന്ന സമ്മേളനത്തിലെ നിര്‍ദ്ദേശങ്ങള്‍ കൊച്ചി പ്രഖ്യാപനം എന്ന പേരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രകാശനം ചെയ്തു.സമാപന സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായിരുന്നു. കേരളത്തില്‍ വ്യവസായം തുടങ്ങുന്നത് ധീരമായ പ്രവൃത്തിയാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കഴിഞ്ഞ നാല് വര്‍ഷമായി കേരളത്തിലേക്ക് വ്യവസായികളെ കൊണ്ട് വരാന്‍ താന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ മറ്റു സംസ്ഥാനങ്ങളിലുള്ളവര്‍ ഇവിടേക്ക് വരാന്‍ മടിക്കുകയാണ്. ഈ സ്ഥിതി മാറണം. ജനങ്ങളുടെ ക്ഷേമവും അഭിവൃദ്ധിയും മാത്രമായിരിക്കണം ഭരണകര്‍ത്താക്കളുടെയും നേതാക്കളുടേയും ലക്ഷ്യം. ജനങ്ങള്‍ എല്ലാം സൂക്ഷ്മമായി നീരീക്ഷിക്കുന്നുണ്ടെന്ന ബോധ്യം നേതാക്കള്‍ക്ക് ഉണ്ടാകണമെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു.

കേരളത്തിന്റെ എം എസ് എം ഇ മേഖലയും സ്റ്റാര്‍ട്ട്അപ്പ് രംഗവും അഭിമാനകരമായ പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. കഠിനാധ്വാനത്തിലൂടെയല്ലാതെ ഒന്നും സാധ്യമല്ലന്നും ഗവര്‍ണര്‍ പറഞ്ഞു.ഫിക്കി എക്‌സലന്‍സ് അവാര്‍ഡുകളും ഗവര്‍ണര്‍ സമ്മാനിച്ചു. കാരിത്താസ് (ആശുപത്രി), അമാല്‍ഗം (മത്സ്യോല്‍പന്ന കയറ്റുമതി), പി.കെ സ്റ്റീല്‍ കാസ്റ്റിംഗ് ( നിര്‍മാതാവ്), ഇസാഫ് (ബാങ്ക്), കെ എം എം എല്‍ (പൊതുമേഖല) എന്നിവരാണ് പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായത്.ഫിക്കി കേരള സ്‌റ്റേറ്റ് കൗണ്‍സില്‍  ചെയര്‍മാന്‍ ഡോ. എം.ഐ സഹദുള്ള,  കോ ചെയര്‍ വി.പി നന്ദകുമാര്‍, ഇന്‍കം ടാക്‌സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍, റൂറല്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ എം.ജി രാജമാണിക്യം, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഫിക്കി മുന്‍ ചെയര്‍മാന്‍ ദീപക് അസ്വാനി എന്നിവര്‍ സംസാരിച്ചു.

വിദ്യാഭ്യാസ കലാ മേഖലകളില്‍ കേരളത്തിന്റെ സാധ്യതകള്‍ സംബന്ധിച്ച പാനല്‍ ചര്‍ച്ചയില്‍ ടി.പി ശ്രീനിവാസന്‍, സൂര്യ കൃഷ്ണമൂര്‍ത്തി, സൗവിക് ഭട്ടാചാര്യ, പ്രൊഫ. എസ് വെങ്കട്ടരാമന്‍, എ.ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സപ്‌നു ജോര്‍ജ് മോഡറേറ്ററായിരുന്നു. സ്വപ്‌നങ്ങള്‍ ഡോളറുകളാക്കാം എന്ന സെഷനില്‍ എം.ജി രാജമാണിക്യം മോഡറേറ്ററായി. ഷെരീഫ് കോട്ടപ്പുറത്ത്, ഷാന്‍ കടവില്‍, ഡോ. സൗന്ദര്യ രാജേഷ് എന്നിവര്‍ പങ്കെടുത്തു. ദി സയന്‍സ് ഇന്‍ ഷോപ്പിംഗ് എന്ന വിഷയത്തില്‍ കെ.രാധാകൃഷ്ണന്‍, വര്‍ധിനി പ്രകാശ് എന്നിവര്‍ സംസാരിച്ചു. ദീപക് എല്‍ അസ്വാനി മോഡറേറ്ററായി. കേരളത്തിന് വേണ്ടത് ഇനിയെന്ത് എന്ന വിഷയത്തില്‍ കേന്ദ്ര ടൂറിസം വകുപ്പ് മുന്‍ സെക്രട്ടറി വിനോദ് സുത്ഷി, റിയാസ് അഹമദ്, പ്രഭാത് സഹായ് വര്‍മ, ബോസ് കൃഷ്ണമാചാരി, ബിരേന്ദ്ര സിംഗ് എന്നിവര്‍ സംസാരിച്ചു. ഇ എം നജീബ് മോഡറേറ്ററായി. സുസ്ഥിര ഇക്കോ വ്യവസ്ഥ സംബന്ധിച്ച സെഷനില്‍ രഷ്മി അയിഷ മോഡറേറ്ററായി. ഡോ. അമിതാഭ് സരണ്‍, ഡോ.എന്‍.ജയശങ്കര്‍, ബി.സന്ധ്യ, ആര്‍.പ്രദീപ് എന്നിവര്‍ സംസാരിച്ചു. 


 

Top